മുസ്ലിം സ്ത്രീയുടെ വസ്ത്രം എക്കാലത്തും സജീവചര്‍ച്ചയാണ്. പര്‍ദ അടിമത്തത്തിന്റെ അടയാളമാണെന്നും സ്ത്രീകളെ അതില്‍ തളച്ചിടുന്ന ഇസ്ലാം പുരുഷാധിപത്യവ്യവസ്ഥിതിയാണെന്നെല്ലാമാണ് വെപ്പ്!? മുസ്ലിം സ്ത്രീകളേ, പര്‍ദയില്‍ നിന്നും പുറത്ത് വരൂ, സ്വതന്ത്രരാകൂ... എന്നാണാഹ്വാനം!
മനുഷ്യരുടെ വ്യക്തിജീവിതത്തില്‍ ഇടപെടുന്ന ധാര്‍മികവ്യവസ്ഥയാണ് ഇസ്ലാം. ലോകത്തിന്റെ സാംസ്കാരികഗതി തങ്ങളുടെ കച്ചവടതാല്‍പര്യങ്ങള്‍ക്കനുസരിച്ചാവണമെന്ന് ശഠിക്കുന്ന മുതലാളിത്തം ഇസ്ലാമിനോട് വൈരം പുലര്‍ത്തുന്നത് ഈ ഇടപെടലുകള്‍ കാരണമാണ്. സ്ത്രീശരീരപ്രദര്‍ശനങ്ങളിലൂടെ തങ്ങളുടെ ഉല്‍പന്നങ്ങളിലേക്ക് ഉപഭോക്താവിനെ എളുപ്പത്തില്‍ സ്വാധീനിക്കാനാകുമെന്ന് തിരിച്ചറിഞ്ഞ ‘പുരുഷപക്ഷ’ മുതലാളിത്തത്തിന് സ്ത്രീ ശരീരം പ്രദര്‍ശിപ്പിക്കേണ്ടത് തന്റെ ഭര്‍ത്താവിന്റെ മുന്നിലാണെന്ന് പഠിപ്പിക്കുന്ന ഇസ്ലാമിനോട് വിരോധമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍, പുരുഷപക്ഷ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പുരുഷന്‍മാര്‍ ഡിസൈന്‍ ചെയ്യുന്ന വസ്ത്രമേ സ്ത്രീ അണിയേണ്ടതുള്ളുവെന്ന് ശഠിക്കുന്ന ‘സ്ത്രീപക്ഷ’വാദികളുടെ മനോനിലയാണ് മനസ്സിലാക്കാനാവാത്തത്.
ദര്‍ശനങ്ങളിലൂടെ വൈകാരിക ഉത്തേജനമുണ്ടാകുന്ന പ്രകൃതമാണ് പുരുഷന്മാരുടേതെന്നത് ശാസ്ത്രീയ വസ്തുതയാകുന്നു. ഇന്നത്തെ പല സ്ത്രീവസ്ത്രങ്ങളും ശരീരത്തിന്റെ നിമ്നോന്നതികള്‍ പൂര്‍ണമായും പുറത്ത് കാണുന്നതോ തുറന്നിടുന്നതോ ആണെന്നുള്ളത് ഒരുവിധത്തില്‍ കുറ്റകൃത്യങ്ങളെ പ്രോല്‍സാഹിപ്പിക്കലാണ്. വസ്ത്രധാരണരംഗത്ത് പ്രത്യേക നിയന്ത്രണങ്ങളില്ലാത്ത സമൂഹങ്ങളിലും രാഷ്ട്രങ്ങളിലുമാണ് പ്രസ്തുത നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളേക്കാള്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ കൂടുതല്‍ എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ‘പുരുഷനെ ഉത്തേജിപ്പിക്കുമാറ് വസ്ത്രം ധരിച്ച ഓരോ സ്ത്രീയും ബലാല്‍സംഗം അര്‍ഹിക്കുന്നു’വെന്ന് ഒരു സുപ്രീംകോടതി ജഡ്ജി പരാമര്‍ശിച്ചത് ഇതോടൊപ്പം ചേര്‍ത്തുവായിക്കുക.
ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് വസ്ത്രം നിശ്ചയിച്ചത് പുരുഷനല്ല; സ്രഷ്ടാവായ അല്ലാഹുവാണ്. ക്വുര്‍ആന്‍ പറയുന്നു: "നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്.'' (33:59)
ഒരാളുടെ ജീവിതരീതിയും സംസ്കാരവും ഏറെയും പ്രതിഫലിക്കുന്നത് അയാളുടെ വസ്ത്രധാരണത്തിലായിരിക്കും. കഴിഞ്ഞ നൂറ്റാണ്ടില്‍, വിവിധ സമൂഹങ്ങളിലെ വേശ്യകള്‍ക്ക് -തിരിച്ചറിയാനും ആവശ്യക്കാരെ ആകര്‍ഷിക്കാനും- നിഷ്കര്‍ഷിക്കപ്പെട്ടിരുന്നതിനോടു സമാനമായ വസ്ത്രങ്ങളാണ് ഇന്നത്തെ പല കോളജ് കുമാരിമാരുടെയും മെട്രോ വനിതകളുടെയും വസ്ത്രധാരണം എന്നത് എത്രമാത്രം ശോചനീയമാണ്.
ഇസ്ലാം ഇവിടെ സ്ത്രീയുടെ കുലീനതയും ആഭിജാത്യവും പ്രകടിപ്പിക്കുന്ന വസ്ത്രം നല്‍കി-അവളുടെ സംസ്കാരം തിരിച്ചറിയും വിധം-അവളെ ആദരിക്കുന്നു. ശല്യം ചെയ്യപ്പെടാതിരിക്കാനുള്ള സാധ്യത അടക്കുന്നു. എന്നാല്‍ അവളുടേതായ ഇടങ്ങളില്‍ ഇഷ്ടമുള്ളവ ധരിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു.
മുസ്ലിം സ്ത്രീകള്‍ വസ്ത്രധാരണരംഗത്ത് മുമ്പത്തേക്കാള്‍ പുരോഗതി പ്രാപിച്ചുവെങ്കിലും വര്‍ധിച്ചുവരുന്ന ഫാഷന്‍-അനുകരണ ഭ്രമം പുതുതലമുറയില്‍ കുറെപേരെയെങ്കിലും ചതിക്കുഴിയിലകപ്പെടുത്തിയിട്ടുണ്ട്. ഉള്ള് കാണുംവിധം നേര്‍ത്തതും ഒട്ടിയതുമായ വസ്ത്രങ്ങള്‍ മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കള്‍ തന്റെ കുട്ടികളുടെ മാത്രമല്ല; സമൂഹത്തിന്റെ തന്നെ നാശത്തിനാണ് തിരികൊളുത്തുന്നത്. അത്തരത്തില്‍ വസ്ത്രം ധരിച്ചിട്ടും നഗ്നകളായി, മേനിയഴക് പ്രകടിപ്പിക്കാനായി ചാഞ്ഞും ചെരിഞ്ഞും നടക്കുന്ന സ്ത്രീകള്‍ക്ക് സ്വര്‍ഗത്തിന്റെ പരിമളം പോലും ആസ്വദിക്കാനാവുകയില്ലെന്നാണ് മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചിട്ടുള്ളത്. സമൂഹത്തില്‍ കുഴപ്പം വിതക്കുന്ന അക്കൂട്ടര്‍ ശാപാര്‍ഹരാണെന്നും നിങ്ങളവരെ ശപിച്ചുകൊള്ളുകയെന്നും പ്രവാചകന്‍ ഉപദേശിക്കുകയുണ്ടായി. ഇവിടെ നാം ആരെയൊക്കെയാണ് ശപിക്കേണ്ടി വരിക? നമ്മുടെ ഉമ്മമാരെയോ! അതോ സഹോദരിമാരെയോ! സ്വന്തം ഭാര്യമാരെയും പെണ്‍മക്കളെയുമോ?!