2012, ജനുവരി 18, ബുധനാഴ്‌ച

അമിത പ്രശംസ അരുതേ

0 അഭിപ്രായ(ങ്ങള്‍)
ഉമര്‍(റ) നിവേദനം: നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: "മര്‍യമിന്റെ പുത്രനെ ക്രിസ്ത്യാനികള്‍ അമിതമായി വാഴ്ത്തിയതുപോലെ എന്നെ നിങ്ങള്‍ വാഴ്ത്തരുത്. അല്ലാഹുവിന്റെ ഒരു ദാസന്‍ മാത്രമാണ് ഞാന്‍. അതുകൊണ്ട് എന്നെപ്പറ്റി അല്ലാഹുവിന്റെ ദാസനും അവന്റെ ദൂതനും എന്ന് മാത്രം പറയുക''(ബുഖാരി, മുസ്ലിം)

അപദാനങ്ങളുടെ ആധിക്യം അപകടകരമായ ആരാധനാ മനോഭാവങ്ങളിലേക്ക് മനുഷ്യനെ നയിക്കുമെന്നത് താരപൂജകളുടെയും ആള്‍ദൈവാരാധനകളുടെയും ആനുകാലിക കാഴ്ചകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. പ്രവാചകന്മാരാല്‍ സംസ്കരിക്കപ്പെട്ട സമൂഹങ്ങളിലും അവരുടെ പിന്‍ഗാമികളിലും മറ്റും ബഹുദൈവാരധനയുടെ ലാഞ്ജനകള്‍ കടന്നുവന്നത് ഇത്തരം ദുഷ്പ്രവണതകള്‍ അധികരിച്ചതു മൂലമാണെന്നതാണ് ചരിത്രം. മക്കയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് പായസം നല്‍കിയിരുന്ന ഒരു സദ്വൃത്തനായിരുന്നുവത്രെ പില്‍ക്കാലത്ത് അറബികള്‍ ആരാധിച്ചിരുന്ന ലാത്ത. പുണ്യപുരുഷന്മാരെ മാത്രമല്ല, സ്വന്തമായി മേല്‍വിലാസം പോലുമില്ലാത്തവരെ പോലും ഇല്ലാത്ത അപദാന പ്രചാരണങ്ങളിലൂടെ ദിവ്യത്വം നല്‍കി, ശവകുടീര വ്യവസായം നടത്തുന്നവര്‍ ആധുനിക കേരളത്തില്‍ പോലുമുണ്ട്.
പ്രവാചകന്മാരോടും മഹത്തുക്കളോടുമുള്ള ആദരവ്, അവര്‍ക്ക് ദിവ്യത്വം കല്‍പിക്കുന്നതിലേക്കും പിന്നീട് ദൈവികപരിവേഷമോ പുണ്യാളത്തമോ നല്‍കി ആരാധിക്കുന്ന അവസ്ഥയിലേക്കും എത്തിച്ചേരുകയാണുണ്ടായത് എന്നതിന് മതങ്ങളുടേയും ദൈവസങ്കല്‍പങ്ങളുടെയും ചരിത്രം സാക്ഷിയാണ്. ഇസ്റാഈല്‍ സമൂഹത്തെ ദൈവത്തിലേക്ക് വിളിക്കാന്‍ നിയുക്തനായ മഹാനായ പ്രവാചകനായിരുന്നു യേശുക്രിസ്തു (ഈസാ). അദ്ദേഹത്തെ അനര്‍ഹമായ പദവിയിലേക്ക് ഉയര്‍ത്തിയ പിന്‍തലമുറയാണ് ദൈവമായും ദൈവപുത്രനായുമെല്ലാം അദ്ദേഹത്തെ വാഴ്ത്തിയത്.
മുഹമ്മദ് നബി(സ്വ)യോളം സ്വസമൂഹത്തിന്റെ ആദരവിന് പാത്രമായ മനുഷ്യനുണ്ടാവില്ല. സ്വാര്‍ഥലക്ഷ്യങ്ങളെന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ അനുയായികള്‍ക്ക് തന്നോടുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും മറവില്‍ നിഷ്പ്രയാസം നബിക്ക് അവ നേടിയെടുക്കാമായിരുന്നു. എന്നാല്‍ അനര്‍ഹമായതൊന്നും അദ്ദേഹം അഭിലഷിച്ചില്ലെന്നു മാത്രമല്ല അമിതമായി തന്നെ പുകഴ്ത്തരുതെന്നുപോലും അദ്ദേഹം നിര്‍ദേശിച്ചു. ഈസാ നബിൌയുടെയും മറ്റും കാര്യത്തിലുണ്ടായ അപകടകരമായ ആരാധനാ പ്രവണതകള്‍ തന്റെ കാര്യത്തില്‍ ഉണ്ടാകാതിരിക്കാന്‍ ശക്തമായ ഉപദേശങ്ങള്‍ നല്‍കുകയും പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു അദ്ദേഹം. നബിമാരുടെ ഖബറുകളെ ആരാധനാകേന്ദ്രങ്ങളാക്കിയ ജൂത-ക്രൈസ്തവരെ അല്ലാഹു ശപിച്ചിരിക്കുന്നു എന്നരുളിയ പ്രവാചകന്‍ (സ്വ) തന്റെ ഖബ്റിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതേ എന്ന് പ്രാര്‍ഥിച്ചിരുന്നു. (അഹ്മദ്).
പ്രവാചകന്‍(സ്വ) ഒരു സദസ്സിലേക്ക് കടന്നു വരവെ, 'ഞങ്ങളില്‍ ഒരു നബിയുണ്ട്; നാളെയുടെ കാര്യങ്ങളറിയുന്നയാളാണദ്ദേഹം'’എന്ന് പുകഴ്ത്തിപ്പാടിയ പെണ്‍കുട്ടികളെ അപ്രകാരം പറയരുത്’എന്ന് വിരോധിച്ച സംഭവം ഇമാം ബുഖാരി നിവേദനം ചെയ്തിട്ടുണ്ട്. അദൃശ്യകാര്യങ്ങളെന്നല്ല സ്വന്തത്തിന് ഭവിക്കുന്ന കാര്യങ്ങള്‍ പോലും തന്റെ അധീനതയിലല്ലെന്ന് പ്രഖ്യാപിക്കുവാനാണ് അദ്ദേഹം നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്: "(നബിയേ) പറയുക: എന്റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ ഉപദ്രവമോ വരുത്തല്‍ എന്റെ അധീനതയില്‍ പെട്ടതല്ല; അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്'' (7:188).
മുഹമ്മദ് നബി(സ്വ) ഒരു സദസ്സിലേക്ക് വരുമ്പോള്‍ അവിടെയുള്ളവര്‍ അദ്ദേഹത്തെ ബഹുമാനിച്ചുകൊണ്ട് എഴുന്നേറ്റ് നില്‍ക്കുന്നത് പോലും അദ്ദേഹം വിരോധിച്ചു. താന്‍ കടന്നുവരുമ്പോള്‍ സിന്ദാബാദ്’വിളിക്കാന്‍ ആളെ ഏര്‍പ്പാട് ചെയ്യുകയും തന്നെ വാഴ്ത്തിപ്പറയുന്നവര്‍ക്ക് പ്രത്യേക ഇളവുകളും സൌകര്യങ്ങളും നല്‍കുകയും ചെയ്യുന്ന ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ-മത നേതൃത്വത്തിന് മുഹമ്മദ് നബി(സ്വ) യില്‍ കൃത്യമായ മാതൃകയുണ്ട്.
പ്രവാചകന്മാര്‍ പച്ചയായ മനുഷ്യര്‍ തന്നെയായിരുന്നുവെന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നു (14:11). ദൈവിക ബോധനം ലഭിക്കുന്നു എന്നതോടൊപ്പം താനൊരു മനുഷ്യന്‍ മാത്രമാണെന്ന് പ്രഖ്യാപിക്കുവാന്‍ അല്ലാഹു നബി(സ്വ)യെ ഉണര്‍ത്തുന്നു (18:110). പ്രവാചകന്മാരുടെ മഹത്ത്വം അംഗീകരിക്കുകയും അവരെ അനുസരിക്കുകയും അവരെ പ്രകീര്‍ത്തിക്കുകയും അന്ത്യപ്രവാചകന്റെ നിര്‍ദേശങ്ങളനുസരിച്ച് ജീവിതം ക്രമീകരിക്കുകയുമാണ് മോക്ഷത്തിന്റെ നേര്‍വഴി. അല്ലാഹുവിന്റെ സൃഷ്ടികളും ദാസന്മാരുമായ അവര്‍ക്ക് അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതെന്തെങ്കിലും ആദരവിന്റെയോ പുകഴ്ത്തലുകളുടെയോ പേരില്‍ അര്‍പ്പിക്കുന്നത് അതിക്രമവും മഹാപാപവുമാകുന്നു.

Leave a Reply