2013, ഫെബ്രുവരി 7, വ്യാഴാഴ്‌ച

മുസ്ലിം സമൂഹം പാര്‍ശ്വവല്‍കരിക്കപ്പെടുമ്പോള്‍...

0 അഭിപ്രായ(ങ്ങള്‍)
നബി(സ്വ) പറഞ്ഞു: വിശക്കുന്നവന്‍ ഭക്ഷണപ്പാത്രത്തിലേക്ക് ചാടിവീഴും പോലെ മറ്റുള്ളവര്‍ നിങ്ങള്‍ക്കെതിരെ ചാടി വീഴുന്നൊരു കാലം വരിക തന്നെ ചെയ്യും. അനുചരര്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ ഞങ്ങള്‍ അന്ന് എണ്ണത്തില്‍ കുറവായിരിക്കുമോ? അവിടുന്ന് പറഞ്ഞു: 'അല്ല അന്ന് നിങ്ങള്‍ ധാരാളമുണ്ടായിരിക്കും. പക്ഷെ ഒഴുക്കുവെള്ളത്തിലെ ചണ്ടികള്‍ പോലെയായിരിക്കും, ബലഹീനത നിങ്ങളെ ബാധിച്ചിരിക്കും. വീണ്ടും ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ ദൂതരേ, എന്താണ് ഈ ബലഹീനത? നബി(സ്വ) അരുളി: 'ഐഹികാസക്തിയും മരണഭീതിയും' (അബൂദാവൂദ്)

ചോരത്തുള്ളികള്‍ ഇറ്റുവീഴുന്ന പ്രഭാതങ്ങളെയാണ് മുസ്ലിംലോകം ഇന്ന് വരവേറ്റുകൊണ്ടിരിക്കുന്നത്. എവിടെയും പീഡനങ്ങളും പതിത്വവും അവഗണനയുമാണ് മുസ്ലിം സമൂഹത്തിന് ലഭിക്കുന്നത്. മൌലിക മനുഷ്യാവകാശങ്ങള്‍ പോലും പലപ്പോഴും നിഷേധിക്കപ്പെടുന്നു. സാമ്രാജ്യത്വവും മുതലാളിത്ത ശക്തികളും മാത്രമല്ല; മുസ്ലിംകള്‍ ന്യൂനപക്ഷമായ പ്രദേശങ്ങളിലെല്ലാം അവര്‍ നാനാവിധത്തില്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 
മുസ്ലിംകളുടെ ചലനങ്ങള്‍ പോലും ഒപ്പിയെടുക്കുന്ന ക്യാമറക്കണ്ണുകളാണ് മീഡിയയുടേത്. അവരുടെ വേഷഭൂഷാദികളും സംസാരരീതികളും സാംസ്കാരിക സവിശേഷതകളുമെല്ലാം തീവ്രവാദവും ഭീകരതയുമെല്ലാമായി ചിത്രീകരിക്കപ്പെടുന്നു. നിലനില്‍പ്പിന് വേണ്ടി ശബ്ദിക്കുന്നതും തങ്ങളുടെ രാജ്യം കവര്‍ന്നെടുക്കുന്നവര്‍ക്കെതിരെ കല്ലെറിയുന്നതുമെല്ലാം ലോകത്തിന് ഭീകരതയാണ്. എന്നാല്‍ നിരപരാധികളെ വേട്ടയാടി കൊന്നുതള്ളുന്നതാവട്ടെ സമാധാനത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളും!
മുസ്ലിംകള്‍ പ്രതാപത്തിന്റെ സോപാനങ്ങളിലാറാടിയിരുന്ന ഒരു പൂര്‍വകാലം ലോകത്ത് കഴിഞ്ഞുപോയിട്ടുണ്ട്. ലോകത്തിലേറ്റവും വലുതെന്ന് പറയാന്‍ കഴിയുന്ന വിശാലമായ സാമ്രാജ്യത്തിന്റെ അധിപന്‍മാരായി മുസ്ലിംകള്‍ വാണിട്ടുണ്ട്. മുസ്ലിം ലോകത്തുനിന്നുണ്ടായ വൈജ്ഞാനിക വിസ്ഫോടനത്തിന്റെ അണുപ്രസരണമാണ് യൂറോപ്യന്‍ വ്യാവസായിക വിപ്ളവത്തിന് തിരികൊളുത്തിയത്. മധ്യകാല ശാസ്ത്രചരിത്രം പരതുമ്പോള്‍ കാണുന്ന പേരുകളധികവും മുസ്ലിം പ്രതിഭകളുടേതാണ്. സ്പെയിനിലെയും ദമസ്കസിലെയും തെരുവുകളില്‍ കാണുന്ന കൊത്തുപണികളോടു കൂടിയ മിനാരങ്ങള്‍ മുസ്ലിം പ്രതാപത്തിന്റെ ചരിത്രം നമ്മോട് പറയുന്നുണ്ട്. 
എന്തുകൊണ്ടാണ് മുസ്ലിംകള്‍ അവഹേളനങ്ങളും അവഗണനകളും കൊണ്ട് അപമാനിക്കപ്പെട്ടത്? എപ്പോഴാണ് വിശന്നുവലഞ്ഞ ചെന്നായ്കൂട്ടം മുന്നില്‍ വന്നുപെട്ട ആട്ടിന്‍കുട്ടികളുടെ മേല്‍ ചാടിവീഴുംപോലെ മുസ്ലിംകളുടെ മേല്‍ ശത്രുക്കള്‍ ചാടി വീണത്?
ഏതെങ്കിലും പ്രത്യേക പ്രദേശത്തെ പ്രശ്നങ്ങളിലേക്കുള്ള വിരല്‍ചൂണ്ടലല്ല; എന്നാല്‍ പൊതുവായ വിലയിരുത്തലില്‍ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് പ്രവാചകന്‍(സ്വ) പഠിപ്പിച്ചത്, ഐഹികജീവിത വിഭവങ്ങളോടുള്ള അമിതമായ ആസക്തിയും മരണഭയവുമാണ് മുസ്ലിംകളുടെ ദുര്‍ബലതക്ക് കാരണമെന്ന്.
വിശ്വാസരംഗത്തുള്ള വ്യതിചലനമാണ് മുസ്ലിംകള്‍ക്ക് സംഭവിച്ച ഏറ്റവും ഗൌരവതരമായ അപചയം. ഇതര സമൂഹങ്ങളെ അല്ലാഹുവിലേക്ക് വിളിക്കാന്‍ നിയുക്തരായവര്‍ തന്നെ അല്ലാഹുവിന് സമന്മാരെയോ സഹായികളെയോ നിശ്ചയിക്കുന്നത് എന്തുമാത്രം ഗൌരവതരമാണ്. മുഹമ്മദ് നബി(സ്വ) പഠിപ്പിക്കാത്ത ആചാരാനുഷ്ഠാനങ്ങള്‍ സ്വീകരിക്കുക വഴി അല്ലാഹുവിന്റെ പാശത്തില്‍നിന്ന് പിടിവിട്ടിരിക്കുകയാണ് ബഹുഭൂരിപക്ഷം വരുന്ന മുസ്ലിംകള്‍. ശരിയായ വിശ്വാസവും സല്‍കര്‍മങ്ങളും വഴി അല്ലാഹുവിന് സമ്പൂര്‍ണമായി സമര്‍പ്പിക്കുന്നവര്‍ക്കാണ് അവന്‍ നിര്‍ഭയത്വവും പ്രതാപവും വാഗ്ദാനം ചെയ്യുന്നത്.
വിശ്വാസമാണ് വിജയത്തിന്റെ നിദാനം. പ്രവാചകനും ശത്രുക്കളും ആദ്യമായി ഏറ്റുമുട്ടിയ ബദ്റില്‍ ശത്രുക്കള്‍ മൂന്ന് മടങ്ങുണ്ടായിട്ടും മുസ്ലിംകള്‍ വിജയിച്ചത് അചഞ്ചലമായ വിശ്വാസത്തിന്റെ കരുത്തിലായിരുന്നു. പ്രയാസങ്ങളിലും പരീക്ഷണങ്ങളിലും ക്ഷമിക്കുകയും അല്ലാഹുവിലേക്ക് മടങ്ങുകയുമാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. അപക്വമായ പ്രതികരണങ്ങളും തീവ്രമായ വിഭാഗീയചിന്തകളും ആത്യന്തികമായി നഷ്ടമാണുണ്ടാക്കിത്തീര്‍ത്തുക എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. 

Leave a Reply