2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

2012ലെ ലോകാവസാനം

0 അഭിപ്രായ(ങ്ങള്‍)
അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി (സ്വ)അരുളി: "രണ്ട് സംഘങ്ങള്‍ പരസ്പരം യുദ്ധം ചെയ്യുന്നത് വരെ അന്ത്യനാള്‍ ഉണ്ടാവുകയില്ല. കഠിനമായ യുദ്ധമായിരിക്കും അവര്‍ക്കിടയിലുണ്ടാവുക. അവരിരുവരുടെയും ആദര്‍ശം ഒന്നുതന്നെയായിരിക്കും''(ബുഖാരി)

അങ്ങനെ, 2012 ഡിസംബര്‍ മാസം 21ാം തിയ്യതി ഇന്ത്യന്‍ സമയം 4.41 ജ.ങ കഴിഞ്ഞുപോയി. നാളുകളായി ഏറെ കൊട്ടിഘോഷിക്കപ്പെട്ട ചര്‍ച്ചയായിരുന്നു പ്രസ്തുത സമയത്ത് ലോകം അവസാനിക്കുമെന്നത്. മലയാളമാധ്യമങ്ങള്‍ പോലും അതിന് സ്ഥലവും സമയവും നീക്കിവെച്ചു. ചില ചാനലുകള്‍ ലോകാവസാനത്തിന്റെ ദൃശ്യാവിഷ്കാരങ്ങള്‍ അവതരിപ്പിക്കുകയും കൌണ്ട്ഡൌണ്‍’നടത്തുകയും ചെയ്തു. പ്രമുഖഹോട്ടലുകളില്‍ ലോകാവസാന പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നിടത്ത് വരെ കാര്യങ്ങള്‍ എത്തി.
മെക്സിക്കോ, ഗ്വാട്ടിമാല തുടങ്ങിയ പ്രദേശങ്ങളിലെ മായന്‍ ആദിവാസി വംശജരുടെ കാലഗണനാരീതിയില്‍നിന്നാണ് ഈ അന്ധവിശ്വാസം പ്രചരിക്കപ്പെട്ടത്. ഉപരിസൂചിത സമയത്ത് നിബുരു’എന്നൊരു ഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ച് നശിക്കുമെന്നുമൊക്കെ പ്രചരണമുണ്ടായിരുന്നു. നിബുരു എന്നൊരു ഗ്രഹം പോലും ഇതുവരെ മനുഷ്യന്‍ കണ്ടെത്തിയിട്ടില്ലെന്ന് നാസയുടെ വിശദീകരണമുണ്ടായിരുന്നെങ്കിലും ലോകത്തെ വലിയൊരു വിഭാഗം ആളുകളെ ഭീതിയിലാക്കാന്‍ ലോകാവസാന പ്രവചനത്തിന് കഴിഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നത്. 
ചില മതവിശ്വാസങ്ങളുടെ ഭാഗമായും ജ്യോതിഷികളുടെയും ഒറ്റപ്പെട്ട ശാസ്ത്രജ്ഞരുടെയും നിഗമന പ്രകാരവും മുമ്പും ഇത്തരം പ്രവചനങ്ങളും അനുബന്ധപ്രശ്നങ്ങളും ലോകത്ത് ഉണ്ടായിട്ടുണ്ട്. ഭൂലോകത്തുള്ള സകല ശാസ്ത്രജ്ഞരും ഗണിതക്കാരും ഒന്നിച്ച് പ്രവചിച്ചാലും ദൈവത്തില്‍ സ്വയം സമര്‍പിച്ച ഒരു വിശ്വാസി ഒട്ടും ഭയപ്പെടുകയില്ല. കാരണം ലോകാവസാനം അല്ലാഹുവിന്റെ അലംഘനീയമായ തീരുമാനവും അതെപ്പോഴാണെന്നത് അവന്റെ മാത്രം അറിവുമാണ്. ക്വുര്‍ആന്‍ പറയുന്നു: "അന്ത്യസമയത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു; അതെപ്പോഴാണ് വന്നെത്തുന്നതെന്ന്. പറയുക: അതിനെപ്പറ്റിയുള്ള അറിവ് എന്റെ രക്ഷിതാവിങ്കല്‍ മാത്രമാണ്. അതിന്റെ സമയത്ത് അത് വെളിപ്പെടുത്തുന്നത് അവന്‍ മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലും അത് ഭാരിച്ചതായിരിക്കുന്നു. പെട്ടെന്നല്ലാതെ അത് നിങ്ങള്‍ക്കു വരുകയില്ല'' (7:187)
അന്ത്യസമയത്ത് രണ്ടു പ്രാവശ്യം കാഹളം ഊതപ്പെടുമെന്നും ഒന്നാമത്തെ ഊത്തോടുകൂടി ലോകാവസാനവും ജീവികളുടെ നാശവും സംഭവിക്കുമെന്നും രണ്ടാമത്തെ ഊത്തോടെ പുനര്‍ജീവിതം വിചാരണ മുതലായ അനുബന്ധസംഭവങ്ങള്‍ ഉണ്ടാകുമെന്നും ക്വുര്‍ആനില്‍ നിന്നും നബിവചനങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. കണ്ണിമവെട്ടുന്നത് പോലെ വളരെ പെട്ടന്നാണ് ലോകാവസാനമുണ്ടാവുക(ക്വുര്‍ആന്‍ 16:77)യെന്ന് പഠിപ്പിക്കുമ്പോഴും അന്ത്യസമയത്തിന്റെ അടയാളമായി സംഭവിക്കാനിരിക്കുന്ന നിരവധി കാര്യങ്ങള്‍ ഇസ്ലാമിക പ്രമാണങ്ങള്‍ പ്രവചിച്ചിട്ടുണ്ട്. 
കുഴപ്പങ്ങളുടെയും കലഹങ്ങളടെയും ആധിക്യം, വ്യഭിചാരത്തിന്റയും സദാചാരവിരുദ്ധപ്രവര്‍ത്തനങ്ങളുടെയും പ്രചാരം, ദൈവനിഷേധത്തിന്റെയും ശിര്‍ക്കിന്റെയും വളര്‍ച്ച, സ്ത്രീകളുടെ പെരുപ്പം, സ്ത്രീകളുടെ പുരുഷവേഷവിധാനം, സംഗീതത്തിന്റെ വ്യാപനം, അംബരചുംബികളായ കെട്ടിടങ്ങളുടെ വര്‍ധനവ്, തുടങ്ങി ദജ്ജാലിന്റെ ആഗമനം, ഈസാ നബി (അ)യുടെ തിരിച്ചുവരവ്, സൂര്യന്റെ പടിഞ്ഞാറു നിന്നുള്ള ഉദയം മുതലായ ധാരാളം അടയാളങ്ങള്‍ നബിവചനങ്ങളില്‍ കാണാം. അത്തരത്തിലുള്ള അടയാളങ്ങളിലൊന്നാണ് ഉപര്യുക്ത ഹദീഥ് പ്രതിപാദിക്കുന്നത്.
അന്ത്യനാളിന്റെ അടയാളങ്ങളായി ക്വുര്‍ആനും ഹദീഥും പഠിപ്പിക്കുന്ന പല സംഭവങ്ങളും ഇതിനകം പുലര്‍ന്നവയും പുലര്‍ന്നുകൊണ്ടിരിക്കുന്നവയുമാണ്. ലോകാവസാനത്തിന്റെ തിയ്യതി നിശ്ചയിച്ച് നിഷ്ക്രിയരായി കാത്തിരിക്കുന്നതിന് പകരം അതിനുശേഷമുള്ള പാരത്രികജീവിതത്തെക്കുറിച്ച് ഗൌരവതരമായി ആലോചിച്ച്, അവിടത്തെ സുരക്ഷക്കായുള്ള ക്രിയാത്മകപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനുള്ള പ്രേരണയാണ് ഇത്തരം പൊളിഞ്ഞുപോകുന്ന ലോകാവസാന പ്രവചനങ്ങള്‍ നമുക്ക് നല്‍കേണ്ടത്.

Leave a Reply