2012, മാർച്ച് 6, ചൊവ്വാഴ്ച

നമുക്ക് മിണ്ടാതിരിക്കാം..!

0 അഭിപ്രായ(ങ്ങള്‍)
അബൂഹുറൈറ (റ)യില്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: "അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്നവര്‍ നല്ലതു പറയട്ടെ. അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ.'' (ബുഖാരി, മുസ്ലിം)

അല്ലാഹു മനുഷ്യനു നല്‍കിയ സവിശേഷമായ അനുഗ്രഹങ്ങളിലൊന്നാണ് നാവ്. സ്വാദുകള്‍ തിരിച്ചറിയുക, ഭക്ഷണം ചവയ്ക്കുന്നതിനും വിഴുങ്ങുന്നതിനും സഹായിക്കുക തുടങ്ങിയ ദൌത്യങ്ങളെല്ലാമുണ്ടെങ്കിലും ആശയവിനിമയത്തിന്റെ അടിസ്ഥാനരൂപമായ സംസാരം സാധ്യമാക്കുന്ന അവയവം എന്ന നിലയിലാണ് പ്രധാനമായും നാവ് പരിഗണിക്കപ്പെടുന്നത്. അതിനാല്‍ തന്നെ ഒരു അവയവം എന്നതിലുപരി നാവ് പലപ്പോഴും ഒരു ആയുധമാണ്. അപക്വമായും സൂക്ഷ്മതയില്ലാത്തതുമായ സംസാരങ്ങള്‍ മഹാ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും. എന്നാല്‍ ഭംഗിയായി ഉപയോഗിക്കുന്നവര്‍ക്ക് നാവുമൂലം ലഭിക്കുന്ന നേട്ടങ്ങളും നിരവധിയത്രെ. 'വാളുകൊണ്ടുള്ള മുറിവ് പെട്ടന്നുണങ്ങും. നാവുകൊണ്ടുള്ളത് ഏറെ നാള്‍ നീറിപ്പുകയും' എന്ന പഴമൊഴി ഏറെ അര്‍ഥവത്താണ്.
അധിക മനുഷ്യരും സംസാരകാര്യത്തില്‍ തികഞ്ഞ അശ്രദ്ധ വെച്ചുപുലര്‍ത്തുന്നവരാണ്. വായില്‍ വരുന്നതെന്തും വിളിച്ചു പറയുന്നവര്‍ അതിനുണ്ടായേക്കാവുന്ന ദുരന്തപരിണിതിയെക്കുറിച്ച് ചിന്തിക്കാറില്ല. മറ്റുള്ളവരെ ചിരിപ്പിക്കാന്‍ വേണ്ടി കളവ് പറയുക, തമ്മില്‍ തെറ്റിയാല്‍ ചീത്ത പറയുക, വിരോധമുള്ളവരുടെ വൈകല്യങ്ങള്‍ എടുത്തുപറയുക തുടങ്ങിയവയെല്ലാം ഇന്ന് വ്യാപകമായിരിക്കുന്നു.
മാനുഷികബന്ധങ്ങള്‍ക്ക് അതീവപ്രാധാന്യം നല്‍കുന്ന ഇസ്ലാം നാവിന്റെ നിയന്ത്രണത്തെയും സംസാരമര്യാദകളെയും സംബന്ധിച്ച കൃത്യമായ കാഴ്ചപ്പാടുകളും നിര്‍ദേശങ്ങളും പഠിപ്പിക്കുന്നുണ്ട്. "വര്‍ത്തമാനം പറയുമ്പോള്‍ ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി നുണ പറയുന്നവനു നാശമുണ്ടാവട്ടെ'' എന്ന് മുഹമ്മദ് നബി (സ്വ) അരുളിയതായി ഹദീഥുകളില്‍ കാണാം. മറ്റൊരിക്കല്‍ "വായാടികള്‍ നശിച്ചതുതന്നെ!'' എന്നു മൂന്നുവട്ടം അവിടുന്ന് ആവര്‍ത്തിക്കുകയുണ്ടായി (മുസ്ലിം).
മിതഭാഷണവും ലജ്ജയും സത്യവിശ്വാസത്തിന്റെ രണ്ടു ശാഖകളായി പ്രവാചകന്‍ പഠിപ്പിച്ചു.(തുര്‍മുദി). സ്തുതിപാഠകരെ കണ്ടാല്‍ അവരുടെ വായില്‍ മണ്ണു വാരിയിടണമെന്ന് അദ്ദേഹം കല്‍പിച്ചു (മുസ്ലിം). ഒരു വേള നബി (സ്വ) പറഞ്ഞു: "ആരെങ്കിലും രണ്ട് താടിയെല്ലുകള്‍ക്കും കാലുകള്‍ക്കുമിടയിലുള്ള രണ്ടവയവങ്ങളുടെ-നാവിന്റെയും ലൈംഗികാവയവത്തിന്റെയും- കാര്യത്തില്‍ എനിക്കുറപ്പ് തന്നാല്‍ സ്വര്‍ഗത്തെക്കുറിച്ച് ഞാനവന്നും ഉറപ്പ് നല്‍കാം.''(ബുഖാരി).
സംസാരത്തിലുണ്ടാവേണ്ട സൂക്ഷ്മതയെപ്പറ്റി വിശുദ്ധ ക്വുര്‍ആന്‍ മനുഷ്യരെ ഉണര്‍ത്തുന്നുണ്ട്: സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, (വളച്ചുകെട്ടോ വക്രതയോ കൂടാതെ) ശരിയായ വാക്ക് സംസാരിക്കുകയും ചെയ്യുക (33:70); നിന്റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക. (സംസാരിക്കുമ്പോള്‍) നിന്റെ ശബ്ദം നീ താഴ്ത്തുകയും ചെയ്യുക (31:19); കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം (104:1); നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇത് അനുവദനീയമാണ്, ഇത് നിഷിദ്ധമാണ്. എന്നിങ്ങനെ കള്ളം പറയരുത്. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ (അതിന്റെ ഫലം) അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല; തീര്‍ച്ച (16:116). എന്നിങ്ങനെ പോകുന്നു ക്വുര്‍ആനിന്റെ താക്കീതുകള്‍.
വിശ്വാസികളുടെ മനസ്സും ശരീരവും സംസാരവും പ്രവര്‍ത്തനങ്ങളുമെല്ലാം പരസ്പരബന്ധിതമാവണം. വലിയ മൂല്യങ്ങള്‍ പറയുന്നവരുടെ ജീവിതത്തില്‍ പലപ്പോഴും അവ ഉണ്ടായിരിക്കുകയില്ല. പ്രവര്‍ത്തിക്കാത്തത് പറയുകയെന്നത് ദൈവകോപം ക്ഷണിച്ചു വരുത്തുന്നു: "സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു? നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നുള്ളത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു.'' (61:2,3)
മുഹമ്മദ് നബി (സ്വ)യുടെ സംസാരം സാവകാശം, നിറുത്തിനിറുത്തിക്കൊണ്ടായിരുന്നു. (അബൂദാവൂദ്). അദ്ദേഹം തുരുതുരാ സംസാരിക്കുന്നവനായിരുന്നില്ല (ബുഖാരി). വ്യക്തമായും സ്ഫുടമായും സംസാരിക്കാന്‍ കഴിയുന്നവര്‍ അത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉപയോഗിക്കുകയാണ് വേണ്ടത്. "ജനങ്ങള്‍ എന്റെ സംസാരം മനസ്സിലാക്കേണ്ടതിന് എന്റെ നാവില്‍ നിന്ന് നീ കെട്ടഴിച്ച് തരേണമേ.'' (20:27,28) എന്ന് മൂസാ നബി(അ) പ്രാര്‍ഥിച്ചിരുന്നു.
ഇനി നാം പറയുക; നാം സംസാരിക്കണമോ അതോ മിണ്ടാതിരിക്കണമോ?

Leave a Reply