2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

കള്ളനാണയങ്ങള്‍!

0 അഭിപ്രായ(ങ്ങള്‍)
ഇബ്നു മസ്ഊദ് (റ) നിവേദനം. നബി (സ്വ) പറഞ്ഞു: "ജനങ്ങളെ, നിങ്ങളെ സ്വര്‍ഗത്തിലേക്കടുപ്പിക്കുകയും നരകത്തില്‍നിന്ന് അകറ്റുകയും ചെയ്യുന്ന ഒരു കാര്യവും നിങ്ങളോട് ഞാന്‍ കല്‍പിക്കാതിരുന്നിട്ടില്ല. നരകത്തിലേക്കടുപ്പിക്കുകയും സ്വര്‍ഗത്തില്‍നിന്ന് അകറ്റുകയും ചെയ്യുന്ന ഒന്നും നിങ്ങളോട് വിരോധിക്കാതെ വിട്ടിട്ടുമില്ല.'' (ബൈഹക്വി)

പ്രവാചകന്‍മാരെല്ലാം പ്രബോധനം ചെയ്ത ഇസ്ലാമാണ് അല്ലാഹുവിങ്കല്‍ സ്വീകാര്യമായ ഏക മതം (ക്വുര്‍ആന്‍ 3:19) മുഹമ്മദ് നബി (സ്വ)യുടെ ആഗമനത്തോടെ പ്രവാചകശൃംഖല അവസാനിക്കുകയും (ക്വുര്‍ആന്‍ 33:40) അല്ലാഹുവിന്റെ മതം പൂര്‍ണമാവുകയും (ക്വുര്‍ആന്‍ 5:3) ചെയ്തു. അതിനാല്‍ സ്വര്‍ഗപ്രവേശവും നരകമോചനവും ആഗ്രഹിക്കുന്നവര്‍ മുഹമ്മദ് നബി (സ്വ) കൊണ്ടുവന്ന മതനിയമങ്ങള്‍ അനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയാണ് വേണ്ടത്. 
നന്മ-തിന്‍മകളെ വേര്‍തിരിക്കാനുള്ള ശരിയായ മാനദണ്ഡം ക്വുര്‍ആനും സ്വീകാര്യയോഗ്യമായ നബിവചനങ്ങളുമാണ്. ഇവ മുഹമ്മദ് നബി(സ്വ)യുടെ നിഗമനങ്ങളോ അദ്ദേഹം സ്വതാല്‍പര്യപ്രകാരം ആവിഷ്കരിച്ച സിദ്ധാന്തങ്ങളോ അല്ല. പ്രത്യുത; പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ ദിവ്യബോധനത്തില്‍ (ക്വുര്‍ആന്‍ 53:3,4) നിന്നുള്ളതാണ്. അതുകൊണ്ട് തന്നെ, മുഹമ്മദ് നബി (സ്വ) നല്‍കിയത് നിങ്ങള്‍ സ്വീകരിക്കണമെന്നും അദ്ദേഹം വിലക്കിയതില്‍നിന്നും വിട്ടുനില്‍ക്കണമെന്നും ക്വുര്‍ആന്‍ (59:7) മനുഷ്യരോട് കല്‍പിക്കുന്നു. 
മനുഷ്യരെ സ്വര്‍ഗത്തിലേക്കടുപ്പിക്കുന്നതും നരകത്തില്‍ നിന്നകറ്റുന്നതുമായ മുഴുവന്‍ കാര്യങ്ങളും പഠിപ്പിച്ച പ്രവാചകന്‍ മതത്തില്‍ പുതുതായി കടന്നുവരാനിടയുള്ള പുത്തനാചാരങ്ങളെ ഏറെ ഗൌരവത്തിലാണ് കണ്ടിരുന്നത്. ആയിശ ്യ നിവേദനം: നബി (സ്വ) പറഞ്ഞു: "നമ്മുടെ ഈ കാര്യത്തില്‍ (മതത്തില്‍) അതില്‍പ്പെടാത്ത വല്ലതും ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്.'' (ബുഖാരി, മുസ്്ലിം)
നന്മയെന്ന് തോന്നിക്കുന്ന പ്രചരണങ്ങള്‍ വഴി സാമൂഹ്യവത്ക്കരിക്കപ്പെട്ട പുത്തനാചാരങ്ങള്‍ മുസ്ലിംകള്‍ക്കിടയില്‍ ധാരാളമുണ്ട്. മതത്തില്‍ കടന്നുകൂടിയ ഇത്തരം കള്ളനാണയങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്, ഇത്തരം അനാചാരങ്ങള്‍ കടന്നുവരാനുള്ള സാധ്യതയുടെ പഴുതടച്ച മുഹമ്മദ് നബിയുടെ തന്നെ ജന്മദിനാഘോഷമായി എന്നത് വലിയ വിരോധാഭാസമാണ്. 
പൂര്‍ത്തീകരിക്കപ്പെട്ട ഒരു മതത്തില്‍ (ക്വുര്‍ആന്‍ 5:3) പഠിപ്പിക്കപ്പെടാത്ത വേറെയും നന്മകളുണ്ടെന്ന് പറയുകവഴി അതുകൊണ്ടുവന്ന പ്രവാചകന്റെ വിശ്വാസ്യതയെയാണ് ചോദ്യംചെയ്യുന്നത്. മതവിഷയങ്ങളില്‍ മനഃപൂര്‍വമല്ലാതെ കടന്നുവരുന്ന പുതിയ കാര്യങ്ങളെപ്പോലും ഏറെ ഗൌരവത്തോടെയായിരുന്നു നബിയും അനുചരന്‍മാരും കണ്ടിരുന്നത്. 
ഉറങ്ങാന്‍ നേരം ചൊല്ലാന്‍ പഠിപ്പിച്ച പ്രാര്‍ഥനയില്‍ 'നബി' എന്നതിന് പകരം സമാനാശയത്തില്‍ 'റസൂല്‍' എന്ന് പറഞ്ഞ ബറാഉബ്നു ആസിബ്യിനെ നബി (സ്വ) തിരുത്തിയ സംഭവം പ്രസിദ്ധമാണ്. പള്ളിയില്‍ വട്ടമിട്ടിരുന്ന് അല്ലാഹുവിനെ വാഴ്ത്തുകയും എന്നാല്‍ മതത്തില്‍ മാതൃകയില്ലാത്ത രീതിയില്‍ എണ്ണം പിടിക്കുകയും ചെയ്തവരെ പ്രമുഖ സ്വാഹാബിയായ ഇബ്നു മസ്ഊദ് ്യ ശക്തമായി താക്കീത് ചെയ്യുകയും 'നിങ്ങള്‍ മുഹമ്മദ് നബിയുടെ മാര്‍ഗത്തേക്കാള്‍ ഉത്തമമായ മാര്‍ഗത്തിലാണോ? അതോ ദുര്‍മാര്‍ഗത്തിന്റെ വാതില്‍ തുറക്കുകയാണോ?' എന്നിങ്ങനെ ചോദിച്ചുകൊണ്ട് നന്മയെന്ന് കരുതി ചെയ്യുന്ന പുത്തനാചാരങ്ങള്‍ ഗൌരവതരമായ തിന്‍മയെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. 
മതത്തില്‍ പുത്തനാചാരങ്ങളുണ്ടാക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കില്ലെന്നും പരലോകത്തെ വിശിഷ്ടപാനീയം (കൌസര്‍) അവര്‍ക്ക് ലഭിക്കില്ലെന്നും അത്തരം വഴികേടുകള്‍ നരകത്തിലേക്കാണെന്നും ഹദീഥുകളിലുണ്ട്. അതിനാല്‍ നന്മകളെന്ന പേരില്‍ പൊതുവത്ക്കരിക്കപ്പെട്ട കള്ളനാണയങ്ങളെ പ്രമാണബദ്ധമായി പുനര്‍നിര്‍ണയിക്കാന്‍ വിശ്വാസികള്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്.http://www.snehasamvadam.com

Leave a Reply