2012, ഫെബ്രുവരി 16, വ്യാഴാഴ്‌ച

ഭീകരഭവനം

0 അഭിപ്രായ(ങ്ങള്‍)
 നുഅ്മാന്‍ (റ)വില്‍ നിന്നും നിവേദനം. നബി (സ്വ) പറയുന്നതായി കേട്ടു. "പുനരുത്ഥാനനാളില്‍ ഒരാള്‍ക്ക് ലഭിക്കുന്ന നരകശിക്ഷയില്‍ ഏറ്റവും ലഘുവായത് ഒരാളുടെ പാദത്തിന്റെ കീഴ്ഭാഗത്ത് വെക്കപ്പെടുന്ന തീക്കട്ടയായിരിക്കും. ആ തീക്കട്ടയുടെ കൊടുംചൂടിനാല്‍ അയാളുടെ തലച്ചോര്‍ തിളക്കും.'' (ബുഖാരി, മുസ്ലിം).

ഭയാനകതയുടെ ലോകമാണ് നരകം. ഭൌതികലോകത്ത് ധിക്കാരികളായി ജീവിച്ച്, പശ്ചാത്തപിച്ച് പാപമോചനാര്‍ഹനരാകാത്ത അവിശ്വാസികള്‍ക്കും അക്രമികള്‍ക്കും പാരാത്രികലോകത്ത് അല്ലാഹു ഒരുക്കിയിരിക്കുന്ന ശിക്ഷകളുടെ ഭവനമാണത്. മനുഷ്യബുദ്ധിയുടെ വര്‍ണനകള്‍ക്കും ചിത്രീകരണങ്ങള്‍ക്കും എത്രയോ അപ്പുറമാണ് നരകത്തിന്റെ ഭീകരതകള്‍. തുളച്ച് കയറുന്ന ഉഷ്ണക്കാറ്റും ചുട്ടു തിളക്കുന്ന വെള്ളവും തണുപ്പുള്ളതോ സുഖദായകമോ അല്ലാത്ത കരിമ്പുകയുടെ തണലുമെല്ലാം നരകത്തിന്റെ ഭീകരാനുഭവങ്ങളായി ക്വുര്‍ആന്‍ വിവരിക്കുന്ന (56:41-44) കാര്യങ്ങളില്‍ ചിലതു മാത്രമാണ്.
അഗ്നി എന്നര്‍ഥം വരുന്ന അന്നാര്‍ എന്ന അറബി പദമാണ് നകരത്തെ സൂചിപ്പിക്കാന്‍ ക്വുര്‍ആനും ഹദീഥുകളും ധാരാളമായി ഉപയോഗിച്ചിരിക്കുന്നത്. ഇഹലോകത്തെ തീ നരകത്തിന്റെ എഴുപതില്‍ ഒരു ഭാഗം മാത്രമാണെന്നും ഓരോ ഭാഗത്തിനും ഇഹലോകത്തെ തീയിന്റെയത്ര ചൂടായിരിക്കുമെന്നും ബുഖാരിയും മുസ്ലിമും ഉദ്ദരിച്ച ഒരു ഹദീഥില്‍ കാണാം. ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമെന്നും (81:12) അത് അണഞ്ഞ് പോകുമ്പോഴെല്ലാം ജ്വാല വര്‍ധിപ്പിക്കപ്പെടുമെന്നും (17:97) മനുഷ്യരും കല്ലുകളും നരകാഗ്നിയിലെ ഇന്ധനങ്ങളാണെന്നും (66:6,2:24) വിശുദ്ധ ക്വുര്‍ആന്‍ നമുക്ക് പറഞ്ഞുതരുന്നു.
നരകവാസികളുടെ തൊലികള്‍ വെന്തുരുകുകയും അവര്‍ക്ക് ശിക്ഷ ആസ്വദിക്കാനായി അല്ലാഹു വീണ്ടും തൊലികള്‍ നല്‍കുകയും ചെയ്യും (4:56). അവരുടെ തലയ്ക്കു മീതെ തിളക്കുന്ന വെള്ളം ചൊരിയുകയും അതു നിമിത്തം അവരുടെ വയറുകളിലുള്ളത് ഉരുകുകയും ചെയ്യും (22: 20). മുഖം നിലത്ത് കുത്തിയ നിലയില്‍ വലിച്ചിഴക്കപ്പെടും (54:47). അവരുടെ മുഖങ്ങള്‍ കറുപ്പിക്കുകയും കരിയുകയും ചെയ്യും (3:106, 23:104). തീ നാളങ്ങള്‍ അവരെ പൊതിയുകയും (18:29) കുടല്‍മാലകള്‍ പുറത്തുചാടുകയും (ബുഖാരി) ചെയ്യും. നോക്കൂ, നരകത്തിലെ ഏറ്റവും ചെറിയ ശിക്ഷ പാദത്തിനടിയില്‍ വെക്കുന്ന തീക്കട്ടയാണെന്നും അതുമൂലം അയാളുടെ തലച്ചോര്‍ വരെ തിളക്കുമെന്നുമുള്ള പ്രവാചകവചനം നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതില്ലേ?
ദൈവിക വിധിപ്രകാരമുള്ള ജീവിതമാണ് നരകമോചനത്തിനുള്ള മാര്‍ഗം. അബദ്ധങ്ങള്‍ വന്നേക്കാനിടയുള്ളവരാണ് മനുഷ്യര്‍ എന്നതു കൊണ്ടു തന്നെ, തന്റെ കാരുണ്യം കൊണ്ട് അല്ലാഹു നമ്മുടെ പാപങ്ങള്‍ പൊറുത്തു തന്നേക്കാം. എന്നാല്‍ പശ്ചാത്തപിക്കാതെ മരണപ്പെടുന്ന പക്ഷം മാപ്പ് ലഭിക്കാത്ത മഹാപാപമാണ് അല്ലാഹുവില്‍ പങ്കുചേര്‍ക്കുക എന്നത്. സര്‍വലോക സ്രഷ്ടാവായ അല്ലാഹുവെ അവിശ്വസിക്കുകയോ മറ്റുള്ളവര്‍ക്ക് ആരാധനകളര്‍പ്പിക്കുകയോ ചെയ്യുന്നവരാണ് ലോകത്ത് ബഹുഭൂരിപക്ഷവും. അങ്ങനെ മരണപ്പെടുന്നവര്‍ നരകത്തിലെ നിത്യവാസികളായിരിക്കുമെന്നാണ് ക്വുര്‍ആന്‍ പറയുന്നത്. "അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും (2:39). അത്തരക്കാര്‍ക്ക് പിന്നീടൊരു പ്രായശ്ചിത്ത അവസരമില്ലെന്നും നരകമോചനം സാധ്യമല്ലെന്നും അല്ലാഹു താക്കീത് ചെയ്യുന്നു. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളിലെ ശിക്ഷ ഒഴിവായിക്കിട്ടുവാന്‍ വേണ്ടി പ്രായശ്ചിത്തം നല്‍കുന്നതിനായി സത്യനിഷേധികളുടെ കൈവശം ഭൂമിയിലുള്ളത് മുഴുക്കെയും, അത്രതന്നെ വെറെയും ഉണ്ടായിരുന്നാല്‍ പോലും അവരില്‍ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയാണുള്ളത്. നരകത്തില്‍ നിന്ന് പുറത്തുകടക്കാന്‍ അവര്‍ ആഗ്രഹിക്കും. അതില്‍ നിന്ന് പുറത്തു പോകാന്‍ അവര്‍ക്ക് സാധ്യമാവുകയേയില്ല. നിരന്തമായ ശിക്ഷയാണ് അവര്‍ക്കുള്ളത് (5:36,37).
തിളച്ച എണ്ണയല്‍പ്പം കയ്യില്‍ വീണാല്‍, വാഹനത്തിന്റെ സൈലന്‍സര്‍ കാലിലൊന്ന് തട്ടിയാല്‍ അസഹനീയമായ വേദനയും ദുരിതവുമനുഭവിക്കാറുണ്ട് നമ്മള്‍. ഇവിടുത്തേതിനേക്കാള്‍ അറുപത്തി ഒന്‍പതിരട്ടി ചൂടുള്ള നരകത്തീയിനെ സംബന്ധിച്ച് വ്യാകുലപ്പെടുന്നതിനപ്പുറം അതില്‍ അകപ്പെടാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് നാം വേണ്ടത്. യഥാര്‍ഥ മുസ്ലിമായി ജീവിക്കുക എന്നതു മാത്രമാണ് നരകമോചനത്തിന്റെ വഴി. ദൈവിക ശാപകോപതാപങ്ങളുടെ സംഗമസ്ഥാനമായ നരകത്തില്‍ നിന്നും സുരക്ഷിതമായി, അവന്റെ അനുഗ്രഹങ്ങളുടെയും സമാധാനത്തിന്റെയും ഭവനമായ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതിന്ന് സൂമ്പൂര്‍ണമായി ദൈവികവിധി പ്രകാരമുള്ള ജീവിതത്തിന് നാം സന്നദ്ധമാവുക. ശരിയായ മുസ്ലിമാവുക.

Leave a Reply