2013, ഫെബ്രുവരി 12, ചൊവ്വാഴ്ച

നാണം മറയ്ക്കാന്‍ നാം ആരെ പേടിക്കണം?

0 അഭിപ്രായ(ങ്ങള്‍)
ഇബ്നു അംറി(റ)ല്‍ നിന്നും നിവേദനം. നബി (സ്വ) പറഞ്ഞു: "വസ്ത്രം അണിഞ്ഞിട്ടും നഗ്നകളായി ഒട്ടകത്തിന്റെ പൂഞ്ഞപോലെ ചെരിയുന്ന തലയോടുകൂടിയ സ്ത്രീകള്‍ എന്റെ സമൂഹത്തില്‍ അവസാനകാലത്ത് ഉണ്ടാവുന്നതാണ്. നിങ്ങള്‍ അവരെ ശപിക്കുക. അവര്‍ ശപിക്കപ്പെടേണ്ടവരാണ്.'' (ത്വബ്റാനി)

മുസ്ലിം സ്ത്രീയുടെ വസ്ത്രം എക്കാലത്തും സജീവചര്‍ച്ചയാണ്. പര്‍ദ അടിമത്തത്തിന്റെ അടയാളമാണെന്നും സ്ത്രീകളെ അതില്‍ തളച്ചിടുന്ന ഇസ്ലാം പുരുഷാധിപത്യവ്യവസ്ഥിതിയാണെന്നെല്ലാമാണ് വെപ്പ്!? മുസ്ലിം സ്ത്രീകളേ, പര്‍ദയില്‍ നിന്നും പുറത്ത് വരൂ, സ്വതന്ത്രരാകൂ... എന്നാണാഹ്വാനം!
മനുഷ്യരുടെ വ്യക്തിജീവിതത്തില്‍ ഇടപെടുന്ന ധാര്‍മികവ്യവസ്ഥയാണ് ഇസ്ലാം. ലോകത്തിന്റെ സാംസ്കാരികഗതി തങ്ങളുടെ കച്ചവടതാല്‍പര്യങ്ങള്‍ക്കനുസരിച്ചാവണമെന്ന് ശഠിക്കുന്ന മുതലാളിത്തം ഇസ്ലാമിനോട് വൈരം പുലര്‍ത്തുന്നത് ഈ ഇടപെടലുകള്‍ കാരണമാണ്. സ്ത്രീശരീരപ്രദര്‍ശനങ്ങളിലൂടെ തങ്ങളുടെ ഉല്‍പന്നങ്ങളിലേക്ക് ഉപഭോക്താവിനെ എളുപ്പത്തില്‍ സ്വാധീനിക്കാനാകുമെന്ന് തിരിച്ചറിഞ്ഞ ‘പുരുഷപക്ഷ’ മുതലാളിത്തത്തിന് സ്ത്രീ ശരീരം പ്രദര്‍ശിപ്പിക്കേണ്ടത് തന്റെ ഭര്‍ത്താവിന്റെ മുന്നിലാണെന്ന് പഠിപ്പിക്കുന്ന ഇസ്ലാമിനോട് വിരോധമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍, പുരുഷപക്ഷ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പുരുഷന്‍മാര്‍ ഡിസൈന്‍ ചെയ്യുന്ന വസ്ത്രമേ സ്ത്രീ അണിയേണ്ടതുള്ളുവെന്ന് ശഠിക്കുന്ന ‘സ്ത്രീപക്ഷ’വാദികളുടെ മനോനിലയാണ് മനസ്സിലാക്കാനാവാത്തത്.
ദര്‍ശനങ്ങളിലൂടെ വൈകാരിക ഉത്തേജനമുണ്ടാകുന്ന പ്രകൃതമാണ് പുരുഷന്മാരുടേതെന്നത് ശാസ്ത്രീയ വസ്തുതയാകുന്നു. ഇന്നത്തെ പല സ്ത്രീവസ്ത്രങ്ങളും ശരീരത്തിന്റെ നിമ്നോന്നതികള്‍ പൂര്‍ണമായും പുറത്ത് കാണുന്നതോ തുറന്നിടുന്നതോ ആണെന്നുള്ളത് ഒരുവിധത്തില്‍ കുറ്റകൃത്യങ്ങളെ പ്രോല്‍സാഹിപ്പിക്കലാണ്. വസ്ത്രധാരണരംഗത്ത് പ്രത്യേക നിയന്ത്രണങ്ങളില്ലാത്ത സമൂഹങ്ങളിലും രാഷ്ട്രങ്ങളിലുമാണ് പ്രസ്തുത നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളേക്കാള്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ കൂടുതല്‍ എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ‘പുരുഷനെ ഉത്തേജിപ്പിക്കുമാറ് വസ്ത്രം ധരിച്ച ഓരോ സ്ത്രീയും ബലാല്‍സംഗം അര്‍ഹിക്കുന്നു’വെന്ന് ഒരു സുപ്രീംകോടതി ജഡ്ജി പരാമര്‍ശിച്ചത് ഇതോടൊപ്പം ചേര്‍ത്തുവായിക്കുക.
ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് വസ്ത്രം നിശ്ചയിച്ചത് പുരുഷനല്ല; സ്രഷ്ടാവായ അല്ലാഹുവാണ്. ക്വുര്‍ആന്‍ പറയുന്നു: "നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്.'' (33:59) 
ഒരാളുടെ ജീവിതരീതിയും സംസ്കാരവും ഏറെയും പ്രതിഫലിക്കുന്നത് അയാളുടെ വസ്ത്രധാരണത്തിലായിരിക്കും. കഴിഞ്ഞ നൂറ്റാണ്ടില്‍, വിവിധ സമൂഹങ്ങളിലെ വേശ്യകള്‍ക്ക് -തിരിച്ചറിയാനും ആവശ്യക്കാരെ ആകര്‍ഷിക്കാനും- നിഷ്കര്‍ഷിക്കപ്പെട്ടിരുന്നതിനോടു സമാനമായ വസ്ത്രങ്ങളാണ് ഇന്നത്തെ പല കോളജ് കുമാരിമാരുടെയും മെട്രോ വനിതകളുടെയും വസ്ത്രധാരണം എന്നത് എത്രമാത്രം ശോചനീയമാണ്.
ഇസ്ലാം ഇവിടെ സ്ത്രീയുടെ കുലീനതയും ആഭിജാത്യവും പ്രകടിപ്പിക്കുന്ന വസ്ത്രം നല്‍കി-അവളുടെ സംസ്കാരം തിരിച്ചറിയും വിധം-അവളെ ആദരിക്കുന്നു. ശല്യം ചെയ്യപ്പെടാതിരിക്കാനുള്ള സാധ്യത അടക്കുന്നു. എന്നാല്‍ അവളുടേതായ ഇടങ്ങളില്‍ ഇഷ്ടമുള്ളവ ധരിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു.
മുസ്ലിം സ്ത്രീകള്‍ വസ്ത്രധാരണരംഗത്ത് മുമ്പത്തേക്കാള്‍ പുരോഗതി പ്രാപിച്ചുവെങ്കിലും വര്‍ധിച്ചുവരുന്ന ഫാഷന്‍-അനുകരണ ഭ്രമം പുതുതലമുറയില്‍ കുറെപേരെയെങ്കിലും ചതിക്കുഴിയിലകപ്പെടുത്തിയിട്ടുണ്ട്. ഉള്ള് കാണുംവിധം നേര്‍ത്തതും ഒട്ടിയതുമായ വസ്ത്രങ്ങള്‍ മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കള്‍ തന്റെ കുട്ടികളുടെ മാത്രമല്ല; സമൂഹത്തിന്റെ തന്നെ നാശത്തിനാണ് തിരികൊളുത്തുന്നത്. അത്തരത്തില്‍ വസ്ത്രം ധരിച്ചിട്ടും നഗ്നകളായി, മേനിയഴക് പ്രകടിപ്പിക്കാനായി ചാഞ്ഞും ചെരിഞ്ഞും നടക്കുന്ന സ്ത്രീകള്‍ക്ക് സ്വര്‍ഗത്തിന്റെ പരിമളം പോലും ആസ്വദിക്കാനാവുകയില്ലെന്നാണ് മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചിട്ടുള്ളത്. സമൂഹത്തില്‍ കുഴപ്പം വിതക്കുന്ന അക്കൂട്ടര്‍ ശാപാര്‍ഹരാണെന്നും നിങ്ങളവരെ ശപിച്ചുകൊള്ളുകയെന്നും പ്രവാചകന്‍ ഉപദേശിക്കുകയുണ്ടായി. ഇവിടെ നാം ആരെയൊക്കെയാണ് ശപിക്കേണ്ടി വരിക? നമ്മുടെ ഉമ്മമാരെയോ! അതോ സഹോദരിമാരെയോ! സ്വന്തം ഭാര്യമാരെയും പെണ്‍മക്കളെയുമോ?!


Continue reading →
2013, ഫെബ്രുവരി 7, വ്യാഴാഴ്‌ച

മുസ്ലിം സമൂഹം പാര്‍ശ്വവല്‍കരിക്കപ്പെടുമ്പോള്‍...

0 അഭിപ്രായ(ങ്ങള്‍)
നബി(സ്വ) പറഞ്ഞു: വിശക്കുന്നവന്‍ ഭക്ഷണപ്പാത്രത്തിലേക്ക് ചാടിവീഴും പോലെ മറ്റുള്ളവര്‍ നിങ്ങള്‍ക്കെതിരെ ചാടി വീഴുന്നൊരു കാലം വരിക തന്നെ ചെയ്യും. അനുചരര്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ ഞങ്ങള്‍ അന്ന് എണ്ണത്തില്‍ കുറവായിരിക്കുമോ? അവിടുന്ന് പറഞ്ഞു: 'അല്ല അന്ന് നിങ്ങള്‍ ധാരാളമുണ്ടായിരിക്കും. പക്ഷെ ഒഴുക്കുവെള്ളത്തിലെ ചണ്ടികള്‍ പോലെയായിരിക്കും, ബലഹീനത നിങ്ങളെ ബാധിച്ചിരിക്കും. വീണ്ടും ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ ദൂതരേ, എന്താണ് ഈ ബലഹീനത? നബി(സ്വ) അരുളി: 'ഐഹികാസക്തിയും മരണഭീതിയും' (അബൂദാവൂദ്)

ചോരത്തുള്ളികള്‍ ഇറ്റുവീഴുന്ന പ്രഭാതങ്ങളെയാണ് മുസ്ലിംലോകം ഇന്ന് വരവേറ്റുകൊണ്ടിരിക്കുന്നത്. എവിടെയും പീഡനങ്ങളും പതിത്വവും അവഗണനയുമാണ് മുസ്ലിം സമൂഹത്തിന് ലഭിക്കുന്നത്. മൌലിക മനുഷ്യാവകാശങ്ങള്‍ പോലും പലപ്പോഴും നിഷേധിക്കപ്പെടുന്നു. സാമ്രാജ്യത്വവും മുതലാളിത്ത ശക്തികളും മാത്രമല്ല; മുസ്ലിംകള്‍ ന്യൂനപക്ഷമായ പ്രദേശങ്ങളിലെല്ലാം അവര്‍ നാനാവിധത്തില്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 
മുസ്ലിംകളുടെ ചലനങ്ങള്‍ പോലും ഒപ്പിയെടുക്കുന്ന ക്യാമറക്കണ്ണുകളാണ് മീഡിയയുടേത്. അവരുടെ വേഷഭൂഷാദികളും സംസാരരീതികളും സാംസ്കാരിക സവിശേഷതകളുമെല്ലാം തീവ്രവാദവും ഭീകരതയുമെല്ലാമായി ചിത്രീകരിക്കപ്പെടുന്നു. നിലനില്‍പ്പിന് വേണ്ടി ശബ്ദിക്കുന്നതും തങ്ങളുടെ രാജ്യം കവര്‍ന്നെടുക്കുന്നവര്‍ക്കെതിരെ കല്ലെറിയുന്നതുമെല്ലാം ലോകത്തിന് ഭീകരതയാണ്. എന്നാല്‍ നിരപരാധികളെ വേട്ടയാടി കൊന്നുതള്ളുന്നതാവട്ടെ സമാധാനത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളും!
മുസ്ലിംകള്‍ പ്രതാപത്തിന്റെ സോപാനങ്ങളിലാറാടിയിരുന്ന ഒരു പൂര്‍വകാലം ലോകത്ത് കഴിഞ്ഞുപോയിട്ടുണ്ട്. ലോകത്തിലേറ്റവും വലുതെന്ന് പറയാന്‍ കഴിയുന്ന വിശാലമായ സാമ്രാജ്യത്തിന്റെ അധിപന്‍മാരായി മുസ്ലിംകള്‍ വാണിട്ടുണ്ട്. മുസ്ലിം ലോകത്തുനിന്നുണ്ടായ വൈജ്ഞാനിക വിസ്ഫോടനത്തിന്റെ അണുപ്രസരണമാണ് യൂറോപ്യന്‍ വ്യാവസായിക വിപ്ളവത്തിന് തിരികൊളുത്തിയത്. മധ്യകാല ശാസ്ത്രചരിത്രം പരതുമ്പോള്‍ കാണുന്ന പേരുകളധികവും മുസ്ലിം പ്രതിഭകളുടേതാണ്. സ്പെയിനിലെയും ദമസ്കസിലെയും തെരുവുകളില്‍ കാണുന്ന കൊത്തുപണികളോടു കൂടിയ മിനാരങ്ങള്‍ മുസ്ലിം പ്രതാപത്തിന്റെ ചരിത്രം നമ്മോട് പറയുന്നുണ്ട്. 
എന്തുകൊണ്ടാണ് മുസ്ലിംകള്‍ അവഹേളനങ്ങളും അവഗണനകളും കൊണ്ട് അപമാനിക്കപ്പെട്ടത്? എപ്പോഴാണ് വിശന്നുവലഞ്ഞ ചെന്നായ്കൂട്ടം മുന്നില്‍ വന്നുപെട്ട ആട്ടിന്‍കുട്ടികളുടെ മേല്‍ ചാടിവീഴുംപോലെ മുസ്ലിംകളുടെ മേല്‍ ശത്രുക്കള്‍ ചാടി വീണത്?
ഏതെങ്കിലും പ്രത്യേക പ്രദേശത്തെ പ്രശ്നങ്ങളിലേക്കുള്ള വിരല്‍ചൂണ്ടലല്ല; എന്നാല്‍ പൊതുവായ വിലയിരുത്തലില്‍ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് പ്രവാചകന്‍(സ്വ) പഠിപ്പിച്ചത്, ഐഹികജീവിത വിഭവങ്ങളോടുള്ള അമിതമായ ആസക്തിയും മരണഭയവുമാണ് മുസ്ലിംകളുടെ ദുര്‍ബലതക്ക് കാരണമെന്ന്.
വിശ്വാസരംഗത്തുള്ള വ്യതിചലനമാണ് മുസ്ലിംകള്‍ക്ക് സംഭവിച്ച ഏറ്റവും ഗൌരവതരമായ അപചയം. ഇതര സമൂഹങ്ങളെ അല്ലാഹുവിലേക്ക് വിളിക്കാന്‍ നിയുക്തരായവര്‍ തന്നെ അല്ലാഹുവിന് സമന്മാരെയോ സഹായികളെയോ നിശ്ചയിക്കുന്നത് എന്തുമാത്രം ഗൌരവതരമാണ്. മുഹമ്മദ് നബി(സ്വ) പഠിപ്പിക്കാത്ത ആചാരാനുഷ്ഠാനങ്ങള്‍ സ്വീകരിക്കുക വഴി അല്ലാഹുവിന്റെ പാശത്തില്‍നിന്ന് പിടിവിട്ടിരിക്കുകയാണ് ബഹുഭൂരിപക്ഷം വരുന്ന മുസ്ലിംകള്‍. ശരിയായ വിശ്വാസവും സല്‍കര്‍മങ്ങളും വഴി അല്ലാഹുവിന് സമ്പൂര്‍ണമായി സമര്‍പ്പിക്കുന്നവര്‍ക്കാണ് അവന്‍ നിര്‍ഭയത്വവും പ്രതാപവും വാഗ്ദാനം ചെയ്യുന്നത്.
വിശ്വാസമാണ് വിജയത്തിന്റെ നിദാനം. പ്രവാചകനും ശത്രുക്കളും ആദ്യമായി ഏറ്റുമുട്ടിയ ബദ്റില്‍ ശത്രുക്കള്‍ മൂന്ന് മടങ്ങുണ്ടായിട്ടും മുസ്ലിംകള്‍ വിജയിച്ചത് അചഞ്ചലമായ വിശ്വാസത്തിന്റെ കരുത്തിലായിരുന്നു. പ്രയാസങ്ങളിലും പരീക്ഷണങ്ങളിലും ക്ഷമിക്കുകയും അല്ലാഹുവിലേക്ക് മടങ്ങുകയുമാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. അപക്വമായ പ്രതികരണങ്ങളും തീവ്രമായ വിഭാഗീയചിന്തകളും ആത്യന്തികമായി നഷ്ടമാണുണ്ടാക്കിത്തീര്‍ത്തുക എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. 
Continue reading →
2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

2012ലെ ലോകാവസാനം

0 അഭിപ്രായ(ങ്ങള്‍)
അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി (സ്വ)അരുളി: "രണ്ട് സംഘങ്ങള്‍ പരസ്പരം യുദ്ധം ചെയ്യുന്നത് വരെ അന്ത്യനാള്‍ ഉണ്ടാവുകയില്ല. കഠിനമായ യുദ്ധമായിരിക്കും അവര്‍ക്കിടയിലുണ്ടാവുക. അവരിരുവരുടെയും ആദര്‍ശം ഒന്നുതന്നെയായിരിക്കും''(ബുഖാരി)

അങ്ങനെ, 2012 ഡിസംബര്‍ മാസം 21ാം തിയ്യതി ഇന്ത്യന്‍ സമയം 4.41 ജ.ങ കഴിഞ്ഞുപോയി. നാളുകളായി ഏറെ കൊട്ടിഘോഷിക്കപ്പെട്ട ചര്‍ച്ചയായിരുന്നു പ്രസ്തുത സമയത്ത് ലോകം അവസാനിക്കുമെന്നത്. മലയാളമാധ്യമങ്ങള്‍ പോലും അതിന് സ്ഥലവും സമയവും നീക്കിവെച്ചു. ചില ചാനലുകള്‍ ലോകാവസാനത്തിന്റെ ദൃശ്യാവിഷ്കാരങ്ങള്‍ അവതരിപ്പിക്കുകയും കൌണ്ട്ഡൌണ്‍’നടത്തുകയും ചെയ്തു. പ്രമുഖഹോട്ടലുകളില്‍ ലോകാവസാന പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നിടത്ത് വരെ കാര്യങ്ങള്‍ എത്തി.
മെക്സിക്കോ, ഗ്വാട്ടിമാല തുടങ്ങിയ പ്രദേശങ്ങളിലെ മായന്‍ ആദിവാസി വംശജരുടെ കാലഗണനാരീതിയില്‍നിന്നാണ് ഈ അന്ധവിശ്വാസം പ്രചരിക്കപ്പെട്ടത്. ഉപരിസൂചിത സമയത്ത് നിബുരു’എന്നൊരു ഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ച് നശിക്കുമെന്നുമൊക്കെ പ്രചരണമുണ്ടായിരുന്നു. നിബുരു എന്നൊരു ഗ്രഹം പോലും ഇതുവരെ മനുഷ്യന്‍ കണ്ടെത്തിയിട്ടില്ലെന്ന് നാസയുടെ വിശദീകരണമുണ്ടായിരുന്നെങ്കിലും ലോകത്തെ വലിയൊരു വിഭാഗം ആളുകളെ ഭീതിയിലാക്കാന്‍ ലോകാവസാന പ്രവചനത്തിന് കഴിഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നത്. 
ചില മതവിശ്വാസങ്ങളുടെ ഭാഗമായും ജ്യോതിഷികളുടെയും ഒറ്റപ്പെട്ട ശാസ്ത്രജ്ഞരുടെയും നിഗമന പ്രകാരവും മുമ്പും ഇത്തരം പ്രവചനങ്ങളും അനുബന്ധപ്രശ്നങ്ങളും ലോകത്ത് ഉണ്ടായിട്ടുണ്ട്. ഭൂലോകത്തുള്ള സകല ശാസ്ത്രജ്ഞരും ഗണിതക്കാരും ഒന്നിച്ച് പ്രവചിച്ചാലും ദൈവത്തില്‍ സ്വയം സമര്‍പിച്ച ഒരു വിശ്വാസി ഒട്ടും ഭയപ്പെടുകയില്ല. കാരണം ലോകാവസാനം അല്ലാഹുവിന്റെ അലംഘനീയമായ തീരുമാനവും അതെപ്പോഴാണെന്നത് അവന്റെ മാത്രം അറിവുമാണ്. ക്വുര്‍ആന്‍ പറയുന്നു: "അന്ത്യസമയത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു; അതെപ്പോഴാണ് വന്നെത്തുന്നതെന്ന്. പറയുക: അതിനെപ്പറ്റിയുള്ള അറിവ് എന്റെ രക്ഷിതാവിങ്കല്‍ മാത്രമാണ്. അതിന്റെ സമയത്ത് അത് വെളിപ്പെടുത്തുന്നത് അവന്‍ മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലും അത് ഭാരിച്ചതായിരിക്കുന്നു. പെട്ടെന്നല്ലാതെ അത് നിങ്ങള്‍ക്കു വരുകയില്ല'' (7:187)
അന്ത്യസമയത്ത് രണ്ടു പ്രാവശ്യം കാഹളം ഊതപ്പെടുമെന്നും ഒന്നാമത്തെ ഊത്തോടുകൂടി ലോകാവസാനവും ജീവികളുടെ നാശവും സംഭവിക്കുമെന്നും രണ്ടാമത്തെ ഊത്തോടെ പുനര്‍ജീവിതം വിചാരണ മുതലായ അനുബന്ധസംഭവങ്ങള്‍ ഉണ്ടാകുമെന്നും ക്വുര്‍ആനില്‍ നിന്നും നബിവചനങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. കണ്ണിമവെട്ടുന്നത് പോലെ വളരെ പെട്ടന്നാണ് ലോകാവസാനമുണ്ടാവുക(ക്വുര്‍ആന്‍ 16:77)യെന്ന് പഠിപ്പിക്കുമ്പോഴും അന്ത്യസമയത്തിന്റെ അടയാളമായി സംഭവിക്കാനിരിക്കുന്ന നിരവധി കാര്യങ്ങള്‍ ഇസ്ലാമിക പ്രമാണങ്ങള്‍ പ്രവചിച്ചിട്ടുണ്ട്. 
കുഴപ്പങ്ങളുടെയും കലഹങ്ങളടെയും ആധിക്യം, വ്യഭിചാരത്തിന്റയും സദാചാരവിരുദ്ധപ്രവര്‍ത്തനങ്ങളുടെയും പ്രചാരം, ദൈവനിഷേധത്തിന്റെയും ശിര്‍ക്കിന്റെയും വളര്‍ച്ച, സ്ത്രീകളുടെ പെരുപ്പം, സ്ത്രീകളുടെ പുരുഷവേഷവിധാനം, സംഗീതത്തിന്റെ വ്യാപനം, അംബരചുംബികളായ കെട്ടിടങ്ങളുടെ വര്‍ധനവ്, തുടങ്ങി ദജ്ജാലിന്റെ ആഗമനം, ഈസാ നബി (അ)യുടെ തിരിച്ചുവരവ്, സൂര്യന്റെ പടിഞ്ഞാറു നിന്നുള്ള ഉദയം മുതലായ ധാരാളം അടയാളങ്ങള്‍ നബിവചനങ്ങളില്‍ കാണാം. അത്തരത്തിലുള്ള അടയാളങ്ങളിലൊന്നാണ് ഉപര്യുക്ത ഹദീഥ് പ്രതിപാദിക്കുന്നത്.
അന്ത്യനാളിന്റെ അടയാളങ്ങളായി ക്വുര്‍ആനും ഹദീഥും പഠിപ്പിക്കുന്ന പല സംഭവങ്ങളും ഇതിനകം പുലര്‍ന്നവയും പുലര്‍ന്നുകൊണ്ടിരിക്കുന്നവയുമാണ്. ലോകാവസാനത്തിന്റെ തിയ്യതി നിശ്ചയിച്ച് നിഷ്ക്രിയരായി കാത്തിരിക്കുന്നതിന് പകരം അതിനുശേഷമുള്ള പാരത്രികജീവിതത്തെക്കുറിച്ച് ഗൌരവതരമായി ആലോചിച്ച്, അവിടത്തെ സുരക്ഷക്കായുള്ള ക്രിയാത്മകപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനുള്ള പ്രേരണയാണ് ഇത്തരം പൊളിഞ്ഞുപോകുന്ന ലോകാവസാന പ്രവചനങ്ങള്‍ നമുക്ക് നല്‍കേണ്ടത്.
Continue reading →

കള്ളനാണയങ്ങള്‍!

0 അഭിപ്രായ(ങ്ങള്‍)
ഇബ്നു മസ്ഊദ് (റ) നിവേദനം. നബി (സ്വ) പറഞ്ഞു: "ജനങ്ങളെ, നിങ്ങളെ സ്വര്‍ഗത്തിലേക്കടുപ്പിക്കുകയും നരകത്തില്‍നിന്ന് അകറ്റുകയും ചെയ്യുന്ന ഒരു കാര്യവും നിങ്ങളോട് ഞാന്‍ കല്‍പിക്കാതിരുന്നിട്ടില്ല. നരകത്തിലേക്കടുപ്പിക്കുകയും സ്വര്‍ഗത്തില്‍നിന്ന് അകറ്റുകയും ചെയ്യുന്ന ഒന്നും നിങ്ങളോട് വിരോധിക്കാതെ വിട്ടിട്ടുമില്ല.'' (ബൈഹക്വി)

പ്രവാചകന്‍മാരെല്ലാം പ്രബോധനം ചെയ്ത ഇസ്ലാമാണ് അല്ലാഹുവിങ്കല്‍ സ്വീകാര്യമായ ഏക മതം (ക്വുര്‍ആന്‍ 3:19) മുഹമ്മദ് നബി (സ്വ)യുടെ ആഗമനത്തോടെ പ്രവാചകശൃംഖല അവസാനിക്കുകയും (ക്വുര്‍ആന്‍ 33:40) അല്ലാഹുവിന്റെ മതം പൂര്‍ണമാവുകയും (ക്വുര്‍ആന്‍ 5:3) ചെയ്തു. അതിനാല്‍ സ്വര്‍ഗപ്രവേശവും നരകമോചനവും ആഗ്രഹിക്കുന്നവര്‍ മുഹമ്മദ് നബി (സ്വ) കൊണ്ടുവന്ന മതനിയമങ്ങള്‍ അനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയാണ് വേണ്ടത്. 
നന്മ-തിന്‍മകളെ വേര്‍തിരിക്കാനുള്ള ശരിയായ മാനദണ്ഡം ക്വുര്‍ആനും സ്വീകാര്യയോഗ്യമായ നബിവചനങ്ങളുമാണ്. ഇവ മുഹമ്മദ് നബി(സ്വ)യുടെ നിഗമനങ്ങളോ അദ്ദേഹം സ്വതാല്‍പര്യപ്രകാരം ആവിഷ്കരിച്ച സിദ്ധാന്തങ്ങളോ അല്ല. പ്രത്യുത; പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ ദിവ്യബോധനത്തില്‍ (ക്വുര്‍ആന്‍ 53:3,4) നിന്നുള്ളതാണ്. അതുകൊണ്ട് തന്നെ, മുഹമ്മദ് നബി (സ്വ) നല്‍കിയത് നിങ്ങള്‍ സ്വീകരിക്കണമെന്നും അദ്ദേഹം വിലക്കിയതില്‍നിന്നും വിട്ടുനില്‍ക്കണമെന്നും ക്വുര്‍ആന്‍ (59:7) മനുഷ്യരോട് കല്‍പിക്കുന്നു. 
മനുഷ്യരെ സ്വര്‍ഗത്തിലേക്കടുപ്പിക്കുന്നതും നരകത്തില്‍ നിന്നകറ്റുന്നതുമായ മുഴുവന്‍ കാര്യങ്ങളും പഠിപ്പിച്ച പ്രവാചകന്‍ മതത്തില്‍ പുതുതായി കടന്നുവരാനിടയുള്ള പുത്തനാചാരങ്ങളെ ഏറെ ഗൌരവത്തിലാണ് കണ്ടിരുന്നത്. ആയിശ ്യ നിവേദനം: നബി (സ്വ) പറഞ്ഞു: "നമ്മുടെ ഈ കാര്യത്തില്‍ (മതത്തില്‍) അതില്‍പ്പെടാത്ത വല്ലതും ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്.'' (ബുഖാരി, മുസ്്ലിം)
നന്മയെന്ന് തോന്നിക്കുന്ന പ്രചരണങ്ങള്‍ വഴി സാമൂഹ്യവത്ക്കരിക്കപ്പെട്ട പുത്തനാചാരങ്ങള്‍ മുസ്ലിംകള്‍ക്കിടയില്‍ ധാരാളമുണ്ട്. മതത്തില്‍ കടന്നുകൂടിയ ഇത്തരം കള്ളനാണയങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്, ഇത്തരം അനാചാരങ്ങള്‍ കടന്നുവരാനുള്ള സാധ്യതയുടെ പഴുതടച്ച മുഹമ്മദ് നബിയുടെ തന്നെ ജന്മദിനാഘോഷമായി എന്നത് വലിയ വിരോധാഭാസമാണ്. 
പൂര്‍ത്തീകരിക്കപ്പെട്ട ഒരു മതത്തില്‍ (ക്വുര്‍ആന്‍ 5:3) പഠിപ്പിക്കപ്പെടാത്ത വേറെയും നന്മകളുണ്ടെന്ന് പറയുകവഴി അതുകൊണ്ടുവന്ന പ്രവാചകന്റെ വിശ്വാസ്യതയെയാണ് ചോദ്യംചെയ്യുന്നത്. മതവിഷയങ്ങളില്‍ മനഃപൂര്‍വമല്ലാതെ കടന്നുവരുന്ന പുതിയ കാര്യങ്ങളെപ്പോലും ഏറെ ഗൌരവത്തോടെയായിരുന്നു നബിയും അനുചരന്‍മാരും കണ്ടിരുന്നത്. 
ഉറങ്ങാന്‍ നേരം ചൊല്ലാന്‍ പഠിപ്പിച്ച പ്രാര്‍ഥനയില്‍ 'നബി' എന്നതിന് പകരം സമാനാശയത്തില്‍ 'റസൂല്‍' എന്ന് പറഞ്ഞ ബറാഉബ്നു ആസിബ്യിനെ നബി (സ്വ) തിരുത്തിയ സംഭവം പ്രസിദ്ധമാണ്. പള്ളിയില്‍ വട്ടമിട്ടിരുന്ന് അല്ലാഹുവിനെ വാഴ്ത്തുകയും എന്നാല്‍ മതത്തില്‍ മാതൃകയില്ലാത്ത രീതിയില്‍ എണ്ണം പിടിക്കുകയും ചെയ്തവരെ പ്രമുഖ സ്വാഹാബിയായ ഇബ്നു മസ്ഊദ് ്യ ശക്തമായി താക്കീത് ചെയ്യുകയും 'നിങ്ങള്‍ മുഹമ്മദ് നബിയുടെ മാര്‍ഗത്തേക്കാള്‍ ഉത്തമമായ മാര്‍ഗത്തിലാണോ? അതോ ദുര്‍മാര്‍ഗത്തിന്റെ വാതില്‍ തുറക്കുകയാണോ?' എന്നിങ്ങനെ ചോദിച്ചുകൊണ്ട് നന്മയെന്ന് കരുതി ചെയ്യുന്ന പുത്തനാചാരങ്ങള്‍ ഗൌരവതരമായ തിന്‍മയെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. 
മതത്തില്‍ പുത്തനാചാരങ്ങളുണ്ടാക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കില്ലെന്നും പരലോകത്തെ വിശിഷ്ടപാനീയം (കൌസര്‍) അവര്‍ക്ക് ലഭിക്കില്ലെന്നും അത്തരം വഴികേടുകള്‍ നരകത്തിലേക്കാണെന്നും ഹദീഥുകളിലുണ്ട്. അതിനാല്‍ നന്മകളെന്ന പേരില്‍ പൊതുവത്ക്കരിക്കപ്പെട്ട കള്ളനാണയങ്ങളെ പ്രമാണബദ്ധമായി പുനര്‍നിര്‍ണയിക്കാന്‍ വിശ്വാസികള്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്.http://www.snehasamvadam.com
Continue reading →