2012, ജനുവരി 23, തിങ്കളാഴ്‌ച

പ്രവാചകന്റെ പ്രാര്‍ഥനാമനസ്സ്

0 അഭിപ്രായ(ങ്ങള്‍)
അനസ് (റ)ല്‍ നിന്ന് നിവേദനം അദ്ദേഹം പറഞ്ഞു: നബി(സ്വ)യുടെ അധിക സമയങ്ങളിലുമുള്ള പ്രാര്‍ഥന ഇതായിരുന്നു. "ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്തും പരലോകത്തും നീ ഞങ്ങള്‍ക്ക് നന്മ നല്‍കേണമേ. നരകശിക്ഷയില്‍ നിന്നും നീ ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ'' (ബുഖാരി, മുസ്ലിം)

കളങ്കരഹിതവും അതിശക്തവുമായ ദൈവവിശ്വാസമാണ് ജീവിതത്തിന്റെ അടിസ്ഥാന ഘടകമായി മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചത്. സ്രഷ്ടാവുമായുള്ള ബന്ധം ദൃഢീകരിക്കുന്നതിന് മറ്റെന്തിനേക്കാളും മുന്തിയ പരിഗണന അദ്ദേഹം നല്‍കി. കാരുണ്യവാനായ അല്ലാഹുവിന്റെ തൃപ്തിയും സ്നേഹവും ലഭിക്കുന്നതിനേക്കാള്‍ അമൂല്യമായ മറ്റൊന്നുമില്ലെന്നുള്ളതാണ് വസ്തുത.
പ്രാര്‍ഥനയും ദൈവസ്മരണയും അല്ലാഹുവിനിഷ്ടപ്പെട്ടതും അവനിലേക്ക് നമ്മെ അടുപ്പിക്കുന്നതുമായ രണ്ട് സുപ്രധാന കാര്യങ്ങളത്രെ. 'നിങ്ങള്‍ എന്നോട് ചോദിക്കുക, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം' (40:60), നിങ്ങള്‍ എന്നെ സ്മരിക്കുക, നിങ്ങളെ ഞാനും സ്മരിക്കുന്നതാണ്' (2:152) എന്നിങ്ങനെ അല്ലാഹു നമ്മോട് പറയുന്നു. 'പ്രാര്‍ഥനയില്ലാതെ നിങ്ങളുടെ നാഥന്‍ നിങ്ങളെ പരിഗണിക്കുകയില്ലെന്നും (25:77), ധാരാളമായി അല്ലാഹുവിനെ ഓര്‍ക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കി വച്ചിരിക്കുന്നു (33:35)വെന്നും വിശുദ്ധ ക്വുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നു.
സദാ സമയവും ദൈവസ്മരണയിലും പ്രാര്‍ഥനകളിലും ഇഴുകിചേര്‍ന്നതായിരുന്നു മുഹമ്മദ് നബി(സ്വ)യുടെ ജീവിതം. രാത്രി കാലങ്ങളില്‍ ഉറക്കമൊഴിച്ച് ദീര്‍ഘമായി, കാലില്‍ നീരുവരുമാറ് നിന്നു നമസ്കരിക്കുമായിരുന്നു അദ്ദേഹം. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ദൃഡവിശ്വാസത്തോടുകൂടിയ പ്രാര്‍ഥനകള്‍ അദ്ദേഹത്തിന് സ്ഥൈര്യം നല്‍കി.ബദര്‍ യുദ്ധവേളയില്‍ വലിപ്പത്തിലും യുദ്ധസന്നാഹങ്ങളിലും പ്രതീക്ഷക്ക് വക നല്‍കാത്തത്ര ചെറിയ സൈന്യത്തെ നയിച്ച പ്രവാചകന് വിശ്വാസവും പ്രാര്‍ഥനയുമാണ് കരുത്ത് നല്‍കിയത്. സ്രഷ്ടാവിന് മുമ്പില്‍ സാഷ്ടാംഗം ചെയ്തുകൊണ്ട് നിര്‍വഹിക്കുന്ന അദ്ദേഹത്തിന്റെ പ്രാര്‍ഥനകളില്‍ പലപ്പോഴും കണ്ണീരുകൊണ്ട് പ്രതലമാകെ നനയുമായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
മധ്യവര്‍ത്തികളിലൂടെ മാത്രം സമീപിക്കാന്‍ കഴിയുന്ന പൌരോഹിത്യ ദൈവസങ്കല്‍പ്പത്തില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ് മുഹമ്മദ് നബി (സ്വ)പഠിപ്പിച്ച ദൈവവിശ്വാസം. ആര്‍ക്കും എവിടെ നിന്നും എപ്പോഴും വിളിക്കാവുന്ന പ്രാര്‍ഥനകളും ആവലാതികളും കേള്‍ക്കുകയും പരിഗണിക്കുകയും ചെയ്യുന്ന മധ്യവര്‍ത്തികളില്ലാത്ത കാരുണ്യവാനായ അല്ലാഹുവിനെയാണ് അദ്ദേഹം ലോകര്‍ക്ക് പരിചയപ്പെടുത്തിയത്. അവനോട് ചോദിക്കാവുന്ന കാര്യങ്ങള്‍ക്ക് പരിധിയോ വലിപ്പചെറുപ്പമോ ഇല്ല. ചെരുപ്പിന്റെ വാറ് പൊട്ടിയാലും നിങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുകയെന്ന് ഒരു ഹദീഥില്‍ കാണാം.
പാരത്രികമോക്ഷമാണ് മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ലക്ഷ്യം. അതിനാല്‍ പാപമോചന പ്രാര്‍ഥനകള്‍ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ അദ്ദേഹം ഉപദേശിക്കുകയും സ്വയം അത് കൂടുതലായി നിര്‍വഹിക്കുകയും ചെയ്തിരുന്നു. സ്വര്‍ഗപ്രവേശവും നരകമോചനവും ചോദിക്കുന്ന നിരവധി പ്രാര്‍ഥനകള്‍ അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വരാന്തരങ്ങളിലോ ആരണ്യകങ്ങളിലോ തപസ്സിരുന്ന്, ഭൌതികജീവിതത്തെ പാടെ നിരാകരിച്ച് കൊണ്ടല്ല, അനുവദനീയമായ നിലയില്‍ ആസ്വദിച്ചുകൊണ്ട് നേടിയെടുക്കേണ്ട ഒന്നായാണ് പാരത്രികമോക്ഷത്തെ ഇസ്ലാം പരിചയപ്പെടുത്തുന്നത്.
ജനനം മുതല്‍ മരണം വരെ ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങളിലും ദൈംനദിന ജീവിതത്തിലുമെല്ലാം പ്രാര്‍ഥനകളും പ്രകീര്‍ത്തനങ്ങളും പ്രവാചകാധ്യാപനങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിയും വിധം അവ പഠിക്കാനും ജീവിതത്തിന്റെ ഭാഗമാക്കാനും ശ്രദ്ധിക്കേണ്ടവരാണ് വിശ്വാസികള്‍. പ്രശ്നകലുഷിതമായ ഈ ജീവിതത്തിലെ ചെറുതും വലുതുമായ സങ്കടങ്ങളും തീര്‍ത്തും സ്വകാര്യമായ ദഃഖങ്ങളും വരെ കേള്‍ക്കാനും പരിഗണിക്കാനും സ്രഷ്ടാവായ അല്ലാഹു തയ്യാറാവുന്നു എന്നത് അവന്റെ കാരുണ്യവും വല്ലാത്ത അനുഗ്രഹവുമാണ്. ഈ അവസരം ധാരാളമായി ഉപയോഗപ്പെടുത്തുവാനും പ്രാര്‍ഥന സ്വീകരിക്കപ്പെടാതെ പോകുന്ന, നിഷിദ്ധ മാര്‍ഗങ്ങളില്‍ ജീവിതം നയിക്കുന്നവരില്‍ ഉള്‍പ്പെടാതിരിക്കാനും നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ.
തിരുമൊഴി/സ്നേഹ സംവാദം /2011 നവംബര്‍

Leave a Reply